അങ്കമാലി: തുറവൂർ പഞ്ചായത്ത് വികസന സംഗമം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ കഴിഞ്ഞ 5 വർഷത്തെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച വികസന സംഗമം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമാണ പുരോഗതിയിലാണ്. ഭവനരഹിതർക്കു 188 വീടുകൾ പൂർത്തീകരിച്ച് നൽകി. 6 ശുദ്ധജല പദ്ധതികൾ പൂർണമാക്കി. 4 കുളങ്ങൾ കെട്ടി സംരക്ഷിച്ചു. ഹരിത കർമ സേന പ്രവർത്തനത്തിലൂടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പൂർണത വരുത്തി. ശിശുവികാസഭവൻ, വനിത വികസന ഹാൾ എന്നിവ പൂർത്തീകരിച്ചു. 2 അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്തി. ഒരു അങ്കണവാടിയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. 2 ആരോഗ്യ സബ് സെന്ററുകൾക്ക് കെട്ടിടം നിർമിച്ചു നൽകി. 6 ഗ്രാമീണ ശുദ്ധജല പദ്ധതികൾ ആവിഷ്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ എം.പി.മാർട്ടിൻ, സിൻസി തങ്കച്ചൻ, സീന ജിജോ, വൈസ് പ്രസിഡന്റ് റോയി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീലിയ വിന്നി, പഞ്ചായത്ത് മുൻ പ്രസിഡന്റ് ജിനി രാജീവ്, പഞ്ചായത്തംഗങ്ങളായ ഷിബു പൈനാടത്ത്, വി.വി.രഞ്ജിത്ത് കുമാർ, രജനി ബിജു, സാലി വിൽസൺ, തുറവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്.സജി, യൂത്ത് കോഓർഡിനേറ്റർ ആന്റണി തോമസ്,പഞ്ചായത്ത് സെക്രട്ടറി സുജ ട്രീസ തുടങ്ങിയവർ സംസാരിച്ചു.

