കാലടി : കുറച്ചു ദിവസങ്ങളായി പരിക്കുകളോടെ മയിലുകുഴിയില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ മയക്കു വെടിവച്ചു പിടികൂടി ചികിത്സ നല്കി വിട്ടയച്ചു. കഴിഞ്ഞമാസം 19ന് അതിരപ്പള്ളി ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ പിന്‍കാലിന് പരിക്കേറ്റ ഇതേ ആനയെ പിടികൂടി ചികിത്സ നല്കി വിട്ടയിച്ചിരുന്നു. കാലടി റേഞ്ച് പരിധിയിലേക്ക് നീങ്ങിയ ആനയ്ക്ക് ദിവസവും മരുന്ന് നല്കി ചികിത്സിച്ചുവരികയായിരുന്നു. പിന്നീട് കാലില്‍ പഴുപ്പ് കെട്ടിക്കിടന്ന് നീരു വന്ന് വീര്‍ത്തതോടെ ആനയ്ക്ക് നടക്കാനാവാത്ത സ്ഥിതിയായി. മരുന്നുകള്‍ ആഹാരത്തില്‍ കലര്‍ത്തി നല്കാന് പ്രത്യേക ടീമിനെ കൊണ്ടുവന്ന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് ആനയുടെ ആരോഗ്യം മുന്‍നിര്‍ത്തി ഒരു വട്ടം കൂടി മയക്കുവെടി വച്ച് പിടിച്ചു ചികിത്സ നല്‍കണമെന്ന് വിദഗ്ധ പാനല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി. കൃഷ്ണന്റെ അനുമതിയോടെ സെന്റര്‍ സര്‍ക്കിള്‍ സിസിഎഫ് ആടലശന്, മലയാറ്റൂര്‍ ഡിഎഫ്ഒ പി.കാര്‍ത്തിക്,
വാഴച്ചാല്‍ ഡിഎഫ്ഒ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുമായി ചര്‍ച്ച ചെയ്തു രൂപീകരിച്ച നാലു പേരടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ സംഘത്തിന്റെ സാന്നിധ്യത്തിലും നിരീക്ഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും കാലടി അതിരപ്പള്ളി റേഞ്ചുകള്‍ സംയുക്തമായാണ് തുടർന്നുള്ള ചികിത്സാ നടപടികള്‍ പൂര്‍ത്തീകരിച്ചത്.

