അയ്യമ്പുഴ : കഴിഞ്ഞ 5 വർഷത്തെ ഭരണ നേട്ടങ്ങൾ പറയുമ്പോൾ പഞ്ചായത്ത് ഭരണ സമിതിക്ക് അഭിമാനമാണ്. കാർഷിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും മാലിന്യ നിർമാർജന പ്രവർത്തന മേഖലകളിലും എല്ലാം ഒരേ പോലെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ ഓരോ ജനപ്രതിനിധികൾക്കും കഴിഞ്ഞു എന്നത് ഭരണ സമിതിയുടെ വിജയമാണ്.
വിദ്യാഭ്യാസം
ചുള്ളി ഗവണ്മെന്റ് എൽ പി സ്‌കൂളിൽ പുതിയ അടുക്കള, ഡൈനിങ്ങ് ഹാൾ, സ്മാർട്ട് ക്ലാസ് റൂം, വർണ്ണക്കൂടാരം, എല്ലാ ക്ലാസ് മുറികളിലും പുതിയ ഫർണിച്ചറുകൾ, എല്ലാ വർഷവും വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം, കരാട്ടെ, യോഗ എന്നിവ നടപ്പിലാക്കി. സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും പഠനനിലവാരം ഉയർത്തുന്നതിനുമായി ഒരു കോടി രൂപ ചിലവഴിച്ചു. സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാതിരുന്ന കടുകുളങ്ങര അങ്കണവാടിക്ക് സ്ഥലം കണ്ടെത്തി കെട്ടിടം നിർമിച്ചു നൽകി. പട്ടികജാതി വിദ്യാർത്ഥികൾക്കായി 46 ലക്ഷം രൂപ ചിലവഴിച്ച് സ്‌കോളർഷിപ്പ്, ലാപ്ടോപ്പ്, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
മാലിന്യ നിർമാർജനം
മാലിന്യ നിർമാർജന സംസ്കരണ രംഗത്ത് 60 ലക്ഷം രൂപ ചിലവഴിക്കാൻ പഞ്ചായത്തിന് കഴിഞ്ഞു. ഹരിത കർമ്മ സേനയുടെ പ്രവർത്തങ്ങളും എടുത്തു പറയേണ്ടതാണ്. കൃത്യമായ മാർഗ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന ടീം 36 ടൺ പ്ലാസ്റ്റിക്ക്, 10 ടൺ ഗ്ലാസ്, ചെരുപ്പ്, ബാഗ് മുതലായവ 15 ടൺ എന്നിങ്ങനെ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. 119 ബയോ ബിൻ വീടുകളിൽ നൽകുകയും 83 കുടുംബങ്ങൾക്ക് സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ് എന്നിവ നൽകി.
ഫോർ ഹെർ
കഴിഞ്ഞ 5 വർഷമായി വനിതകൾക്കായി പി.എസ.സി ക്ലാസ്, കരാട്ടെ ക്ലാസ് എന്നിവ മുടങ്ങാതെ നൽകി വരുന്നു. 20 ലക്ഷം രൂപ മുടക്കി അയ്യമ്പുഴ, തട്ടുപാറ എന്നിവിടങ്ങളിൽ വനിതാ ഫിറ്റ്നസ് സെന്റർ, വനിതാ ക്ലബ് എന്നിവ സ്ഥാപിച്ചു.
ആരോഗ്യം
പാലിയേറ്റിവ് രോഗികൾക്കായി മുപ്പത് ലക്ഷത്തി അമ്പതിനായിരം രൂപ ചിലവഴിക്കുകയും പുതിയ വാഹനം വാങ്ങുകയും ചെയ്തു. പഞ്ചായത്ത് ചിലവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ എന്നിവരെ നിയമിച്ചു. ജീവിത ശൈലി രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ഹെൽത്ത് ക്ലബ് രൂപീകരിക്കുകയും മാനസികാരോഗ്യം, ശ്വാസ് പദ്ധതി തുടങ്ങിയവ വഴി 10 ലക്ഷം രൂപ ചിലവഴിക്കുകയും ചെയ്തു. ഡയാലിസിസ് രോഗികൾക്ക് മരുന്നും ചികിത്സാ ധനസഹായവും നൽകി. മാരക രോഗം ബാധിച്ചവർക്കുള്ള ധനസഹായം നൽകി വരുന്നു.
വന്യമൃഗ ശല്യം പരിഹരിക്കുവാൻ സോളാർ ഫെൻസിങ് സ്ഥാപിച്ചതും വളം സബ്‌സിഡി നൽകിയതും കർഷകർക്ക് കൈത്താങ്ങായി. ഭരണ നേട്ടങ്ങൾ പരിശോധിക്കുമ്പോൾ ജനങ്ങൾ തങ്ങളെ വീണ്ടും അധികാരത്തിൽ കൊണ്ടുവരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഭരണ സമിതി.

