കാലടി : കേന്ദ്രസംസ്ഥാന ഗ്രാന്റുകൾ, എംപി, എംഎൽഎ ഫണ്ടുകൾ ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ഗ്രാമപഞ്ചായത്തിന്റെ തനത്ഫണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ എന്നിവ സംയോജിപ്പിച്ച് നിരവധി വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ കഴിഞ്ഞ 5 വർഷമായി നടപ്പിലാക്കിയത്.
കാലടിയിൽ പഞ്ചായത്ത് ഗ്രൗണ്ടിനോട് ചേർന്ന് ആസ്തി വികസന ഫണ്ട് 65 ലക്ഷം എംഎൽഎ ഫണ്ട് വകയിരുത്തി നിർമ്മാണം പൂർത്തിയായ “നമ്മുടെ കാലടി” എന്ന പേരിൽ കുട്ടികൾക്കുള്ള പാർക്കും ജിമ്മും ഇന്ന് കാലാടിക്കൊരു മുഖമുദ്രയാണ്.
കാലടി ടൗണിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ബസ് സ്റ്റേഷൻ ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വായ്പയും പഞ്ചായത്തിന്റെ തനത് ഫണ്ടും വകയിരുത്തിയാണ് ആദ്യഘട്ട നിർമ്മാണം ആരംഭിച്ചിട്ടുള്ളത്.
ടൂറിസം വകുപ്പ് ഫണ്ടും എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും വകയിരുത്തി നടപ്പിലാക്കിയ മാണിക്യമംഗലം തുറയോട് ചേർന്ന് നടപ്പിലാക്കിയ ടൂറിസം ഡെസ്റ്റിനേഷൻ @ മാണിക്യമംഗലം തുറ പദ്ധതി ഭരണസമിതിയെ സംബന്ധിച്ച് അഭിമാന നേട്ടമാണ്. ഗ്രാമപഞ്ചായത്ത് സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഒരു കോടിയോളം രൂപ ചിലവഴിച്ച് മാണിക്യമംഗലത്ത് നിർമ്മാണം പൂർത്തീകരിച്ചുവരുന്ന ആയുഷ് കോംപ്ലക്സ് (ആയുർവേദ ഹോമിയോ ആശുപത്രികൾക്കുള്ള കെട്ടിടം), എംഎൽഎ ഫണ്ട് വകയിരുത്തി കാലടി ഗവൺമെന്റ് യുപി സ്കൂളിൽ നടപ്പിലാക്കിയ ഗ്രൗണ്ട് നവീകരണം എംപി ഫണ്ട് വകയിരുത്തി നിർമ്മിച്ച 27 നമ്പർ അംഗൻവാടി കെട്ടിടം, വല്യാട്ടിൻ ചിറയുടെ നവീകരണ പ്രവർത്തിയും ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തി നടപ്പിലാക്കിയ ഓപ്പൺ ജിം, പഞ്ചായത്ത് തനത് ഫണ്ട് വകയുരുത്തി നടപ്പിലാക്കിയ പഞ്ചായത്ത് കോൺഫറൻസ് ഹാൾ, അനുബന്ധ ഓഫീസുകൾ എന്നിവയുടെ നവീകരണം എന്നിവയെല്ലാം എടുത്തു പറയേണ്ട പ്രവർത്തിയാണ്.
ക്ഷീര മേഖലയിൽ പുതുതായി നടപ്പിലാക്കിയ കാലിത്തീറ്റ വിതരണം, നിർദ്ദനരായ രോഗികൾക്കായി ഏർപ്പെടുത്തിയ ദുരിതാശ്വാസനിധിയുടെ പ്രവർത്തനം സജീവമാക്കൽ, വിദ്യാഭ്യാസ അവാർഡ് ദാനം, പ്രതിഭകളെ ആദരിക്കൽ പഠനോപകരണ വിതരണം, പൊതുമാർക്കറ്റ് സജീവമാക്കുന്നതിന് നിർമ്മിച്ച പച്ചക്കറി മാർക്കറ്റും അനുബന്ധ പ്രവർത്തനങ്ങളും, വനിതാ ക്ഷേമത്തിന് നടപ്പിലാക്കിയ യോഗ പദ്ധതി, ജൈവമാലിന്യ സംസ്കരണത്തിന് ജീബിൻ വിതരണം, അജൈവ മാലിന്യ നിർമ്മാർജ്ജന പദ്ധതിക്കായി ഹരിത കർമ്മ സേനയുടെ പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിലായി നിരവധി പ്രവർത്തനങ്ങളാണ് ഭരണ സമിതി ചെയ്തുകൊണ്ടിരിക്കുന്നത്.
വളരെ പ്രധാന റോഡുകളായ വേങ്ങൂർ കുറ്റിലക്കര റോഡ് പുനരുദ്ധാരണം, യൂണിവേഴ്സിറ്റി കനാൽ ബണ്ട് റോഡ് പുനരുദ്ധാരണം എന്നിവ ഉൾപ്പെടെ നിരവധി റോഡുകൾ പുനരുദ്ധരിക്കാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. 98 ശതമാനം റോഡുകളും സഞ്ചാരയോഗ്യമാണ് ബാക്കിയുള്ള റോഡുകൾക്ക് ഈ വർഷത്തെ പദ്ധതിയിൽ തുകവരുത്തിയിട്ടുണ്ട്. നിരവധി പുതിയ റോഡുകളും നിർമ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്.
തെരുവ് വിളക്കുകളുടെ കാര്യത്തിൽ വലിയ നേട്ടം കൈവരിക്കാൻ ഈ കാലയളവിൽ കഴിഞ്ഞു. എംപി ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും 3 മിനി മാസ്റ്റ് ലൈറ്റുകളും എംഎൽഎ ഫണ്ടിൽപ്പെടുത്തി 16 മിനി മാസ്റ്റ് ലൈറ്റുകളും, സ്പോൺസർഷിപ്പിലൂടെ ഒരു മിനി മാസ്റ്റ് ലൈറ്റും പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കാൻ കഴിഞ്ഞു. ആവശ്യമായ സ്ഥലത്ത് സ്ട്രീറ്റ് മെയിൻ വലിച്ച് 1100 എൽഇഡി ട്യൂബ് ലൈറ്റുകൾ പുതിയതായി വാങ്ങി തെരുവ് വിളക്കുകൾക്കായി സ്ഥാപിക്കാനും കഴിഞ്ഞതിലൂടെ കാലടി പ്രകാശപൂരിതമായി. കുടിവെള്ള ക്ഷാമം നേരിടുന്ന വിവിധ പ്രദേശങ്ങളിൽ കുടിവെളള വിതരണം ഊർജ്ജിതമാക്കാനുള്ള ശ്രമങ്ങളും ഭരണസമിതി നടത്തിവരുന്നു.
കഴിഞ്ഞ അഞ്ചുവർഷം കാലടിയിലെ വികസന പ്രവർത്തനങ്ങൾ കാലടിയുടെ ചരിത്രത്താളുകളിൽ ഇടം പിടിച്ചുകഴിഞ്ഞു. തുടർഭരണം തങ്ങൾക്കു തന്നെയാണെന്ന് ഭരണപക്ഷം ഉറപ്പിച്ചു കഴിഞ്ഞു.

