നീലീശ്വരം : അഞ്ച് വർഷത്തെ ഭരണത്തിനിടയിൽ മൂന്ന് പഞ്ചായത്ത് പ്രെസിഡന്റുമാർ മാറി വന്നത് മാത്രമാണ് പഞ്ചായത്തിൽ നടന്ന ഏക വികസനം എന്ന് പ്രതിപക്ഷം ആരോപിച്ചു. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാത പ്രവർത്തനങ്ങളും മാത്രമാണ് പഞ്ചായത്തിൽ നടക്കുന്നത്. പഞ്ചായത്ത് റോഡുകളുടെ മൈന്റനൻസിന് വേണ്ടി മണ്ണ് എടുത്തത് ചില മെമ്പർ മാരുടെ നേതൃത്വത്തിൽ മറിച്ച് വിറ്റു ലക്ഷങ്ങൾ പോക്കറ്റിൽ ആക്കി. ഇതിന് ഭരണനേതൃത്വം കൂട്ടു നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണത്തിന് അനുവദിച്ച ഫണ്ട് പഞ്ചായത്ത് അംഗീകരിച്ച ലിസ്റ്റ് കൊടുക്കുന്നതിന് മുൻപ് എം.എൽ.എയുടെ നേതൃത്വത്തിൽ അട്ടിമറിച് കോൺഗ്രസ് മെമ്പർമാരുടെ വാർഡുകളിൽ ഫണ്ട് ചിലവഴിച്ചു. ഇതിനെതിരെ എൽ.ഡി.എഫ് മെമ്പർമാർ പരാതി നൽകിയിരിക്കുകയാണ്.
അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ ഉള്ളത് കൊണ്ട് തന്നെ ടൂറിസം വികസനത്തിലൂടെ പ്രത്യക്ഷമായും പരോഷമായും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇതിൽ സമ്പൂർണ പരാജയമാണ് പഞ്ചായത്ത്. വന്യ ജീവി ആക്രമണം ഏറ്റവും രൂക്ഷമായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ കൃഷിയും മറ്റ് ജീവനോപാദികളും നക്ഷടപെടുന്നത് നിത്യ സംഭവം ആയി മാറിയിരിക്കുകയാണ്. ഇതിന് വേണ്ടി സാധ്യമായ ഒന്നും ചെയ്യാൻ പഞ്ചായത്തിന് കഴിയുന്നുമില്ല. വന്യ ജീവി പ്രശ്നങ്ങളുമായി ബന്ധപെട്ട് യോഗങ്ങൾ വിളിക്കുന്നതല്ലാതെ ഫല പ്രദമായ ഇടപെടൽ ഇല്ല.
സംസ്ഥാന സർക്കാർ പഞ്ചായത്തിന് നൽകുന്ന ഫണ്ട് പോലും സമയ ബന്ധിതമായി ചിലവഴിക്കുന്നതിൽ ഭരണനേതൃത്വം പരാജയമാണ്. 2023-24 സാമ്പത്തിക വർഷത്തിൽ മെയ്ന്റനൻസ് ഗ്രാൻഡ് 2 കോടി രൂപ കിട്ടിയതിൽ ആ വർഷം വെറും 3% ഫണ്ട് ആണ് ചിലവഴിച്ചത്. ഇത് മൂലം വാർഡുകളിൽ സമയബന്ധിതമായി നടപ്പിലാക്കേണ്ട അടിസ്ഥാന കാര്യങ്ങൾ പോലും നടന്നിട്ടില്ല. ഉദ്യോഗസ്ഥരെ കൊണ്ട് പദ്ധതികൾ കൃത്യസമയത് നടത്തിക്കുന്നതിലും ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പല ഗുണഭോക്ത പദ്ധതികളും ഇപ്പോഴും കടലാസുകളിലാണ്. പഞ്ചായത്തിന്റെ മുൻ വശത്തുള്ള ഓട്ടോ സ്റ്റാൻഡ് കനാൽ റോഡിലേക്ക് മാറുന്നതിനു എം.എൽ.എ ഫണ്ടിൽ നിന്നും വർഷങ്ങൾക്കു മുൻപ് 10 ലക്ഷം രൂപ മുടക്കി കനാലിനു കുറുകെ സ്ളാബ് ഇട്ടത് നിത്യ സ്മാരകമായി കിടക്കുകയാണ്. മഴക്കാല പൂർവ്വശുചീകരണത്തിന്റെ ഭാഗമായി ചെയ്യേണ്ട കാനകളുടെ ശുചീകരണം പോലും നടന്നിട്ടില്ല.
പഞ്ചായത്തിൽ പ്രദേശവാസികൾ കൊടുക്കുന്ന നിരവധി പരാതികൾ തീർപ്പാക്കാതെ കിടക്കുകയാണ്. കുടുംബശ്രീ പ്രവർത്തനവും താറുമാറായി. വാർഡുകളിൽ എ ഡി എസ് സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നില്ല. കുടിവെള്ള പദ്ധതിക്കായി ചിലവഴിക്കേണ്ട 50 ലക്ഷം രൂപയോളം ചിലവഴിക്കാതെ പാഴായി. ഇതിൽ തന്നെ മുൻകാലങ്ങളിൽ വാട്ടർ അതോരിറ്റി ചെയ്ത വർക്കുകളുടെ ബാലൻസ് 10 ലക്ഷം രൂപയോളം രൂപ അവിടെ ഡെപ്പോസിറ്റ് ആയി കിടക്കുകയാണ്. ജനങ്ങളുടെ വലിയ പരാതി ഉയർന്നിട്ടും ഇതെല്ലാം അവഗണിച്ചു ഇല്ലിതോടിൽ പശ കമ്പനിക്ക് ലൈസൻസ് കൊടുത്തിരിക്കുന്നത് ഭരണപക്ഷത്തിന്റെ സ്‌ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

