അങ്കമാലി; പുതുതുടക്കത്തിന്റെ ചുവടുവയ്പിനായി പെരുംമഴപോലും വകവയ്ക്കാതെ മാരത്തൺ ഓടി പ്രമുഖ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. ആന്റണി പോൾ. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചുമതലയേൽക്കാനായാണ് 40 കിലോമീറ്റർ മാരത്തൺ ഓടിയെത്തിയത്. സിഇഒ ഡോ. ഏബെൽ ജോർജും ആശുപത്രി അധികൃതരുംചേർന്ന് ഡോ. ആന്റണി പോളിനെ സ്വീകരിച്ചു. ശനി രാത്രി 12ന് പനമ്പിള്ളിനഗർ പാർക്കിൽനിന്നായിരുന്നു മാരത്തണിന്റെ തുടക്കം. പനമ്പിള്ളിനഗർ റണ്ണേഴ്‌സ് എന്ന സൗഹൃദകൂട്ടായ്മയും ഉദ്യമത്തിൽ പങ്കുചേർന്നു. നഗരത്തിലെ തിരക്കുകൾ പിന്നിട്ട ഓട്ടം ഞായറാഴ്ച രാവിലെ അഡ്‌ലക്സ് ആശുപത്രിയിൽ വിജയകരമായി അവസാനിച്ചു. ആരോഗ്യം, സഹനം, കൂട്ടായ്മ എന്നീ മൂല്യങ്ങൾ പുതിയ പ്രവർത്തനമേഖലയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആന്റണി പോൾ പറഞ്ഞു. കഴിഞ്ഞമാസം ബെർലിൻ മാരത്തണിലും 2018-ൽ ദുബായ് മാരത്തണിലും 2019-ൽ സ്പൈസ് കോസ്റ്റ് മാരത്തണിലും ഓടിയിട്ടുണ്ട്. എംബിബിഎസ്, എംഡി (ഇന്റേണൽ മെഡിസിൻ), ഡിഎം (ഗ്യാസ്ട്രോ എൻട്രോളജി) ബിരുദധാരിയായ ഡോ. ആന്റണി പോൾ 2020-ൽ എഫ്ആർസിപി ബിരുദവും നേടിയിട്ടുണ്ട്.

