മഞ്ഞപ്ര : കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിൽ പറഞ്ഞ അറുപത്തിയഞ്ചു കാര്യങ്ങളിൽ അറുപതോളം കാര്യങ്ങൾ പൂർത്തിയാക്കി മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി. ഇനി അവശേഷിക്കുന്ന കാര്യങ്ങൾ നിയമപരമായി നടക്കേണ്ടതാണ്. നിയമപരമായ അനുമതികൾ കിട്ടിക്കഴിഞ്ഞാൽ അതും പൂർത്തിയാക്കാൻ സാധിക്കും എന്ന് പഞ്ചായത്ത് പ്രസിഡണ്ട് വൽസല അങ്കമാലി ന്യൂസിനോട് പറഞ്ഞു.
വടക്കുംഭാഗം കവലയിൽ ഷോപ്പിംഗ് കോംപ്ലക്സ് എന്നതായിരുന്നു ഭരണസമിതിയുടെ സ്വപ്നപദ്ധതി. കേരള ഗ്രാമ നഗര വികസന കോർപ്പറേഷനിൽ നിന്നുള്ള വായ്പയും പഞ്ചായത്തിന്റെ ഫണ്ടും ചേർത്ത് ആധുനിക രീതിയിൽ ഉള്ള ഷോപ്പിന്റെ നിർമ്മാണം ആരംഭിച്ചു. 12 മണി വരെ മാത്രം ഒ പി ഉണ്ടായിരുന്ന ഗവണ്മെന്റ് ആശുപത്രിയുടെ പ്രവർത്തനസമയം 6 മണി വരെയാക്കി. അതിനായി ഡോക്ടറിനെ പഞ്ചായത്ത് ശമ്പളം നൽകി നിയമിക്കുകയും ചെയ്തു. കൂടെ ഇ സി ജി, ലാബ് തുടങ്ങിയ സജ്ജീകരണങ്ങളും ആരംഭിച്ചു. കാർഷിക രംഗത്തും മികച്ച പ്രവർത്തനമാണ് പഞ്ചായത്ത് കാഴ്ച വച്ചിരിക്കുന്നത്. 3 കോടി രൂപയോളം ചിലവഴിച്ച് തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കിയതിലൂടെ തരിശ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു.
എല്ലാ വാർഡുകളിലെയും തോടുകൾ കെട്ടി സംരക്ഷിച്ചതിന്റെ ഫലമായി കനത്ത മഴ വരുമ്പോൾ ഉള്ള വെള്ളപ്പൊക്കം ഒഴിവായി. ഹരിത കർമ്മ സേനയുടെ നിരന്തരമായ പരിശ്രമവും പഞ്ചായത്തിന്റെ ശ്രദ്ധയും മൂലം പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കിടപ്പിലായ രോഗികളെ ഡോക്ടർ ആഴ്ചയിലൊരിക്കൽ വീട്ടിൽ നേരിട്ടെത്തി ചികിൽസിക്കുന്ന പാലിയേറ്റിവ് പ്രവർത്തനവും പഞ്ചായത്തിൽ സജീവമാണ്.
പഞ്ചായത്തിൽ ഗതാഗത യോഗ്യമല്ലാതിരുന്ന 13 വാർഡുകളിലെയും റോഡുകൾ 13 കോടി രൂപ മുടക്കി ഗതാഗത യോഗ്യമാക്കി. പഞ്ചായത്തിലെ ഒരു പ്രധാന കോളനിയുടെയും പാടശേഖരത്തിന്റെയും നടുവിൽ കൂടി പോയി കൊണ്ടിരുന്ന 11 കെ വി ലൈൻ 1 കോടി 11 ലക്ഷം രൂപ ചിലവഴിച്ച് കേബിളിട്ട് റോഡിനടിയിലൂടെയാക്കി. ലൈഫ് മിഷൻ പദ്ധതി പൂർത്തീകരണത്തിലും പഞ്ചായത്ത് ജില്ലയിൽ തന്നെ മാതൃകയാണ്. 148 ഭാവങ്ങളാണ് പൂർത്തിയാക്കിയത്.

