കറുകുറ്റി : ഭരണസമിതിയുടെ നയങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രതിപക്ഷം. ഒരു മെമ്പർ ഇല്ലെങ്കിലും ഭരണസമിതി ഇല്ലെങ്കിലും സ്വാഭാവികമായി പോകുന്ന കാര്യങ്ങൾ മാത്രമാണ് കഴിഞ്ഞ അഞ്ച് വർഷം പഞ്ചായത്തിൽ നടന്നത്. കുറച്ചു റോഡുകൾ പണിതു, റോഡ് മെയ്ന്റനൻസ് ചെയ്തു എന്നല്ലാതെ അതിലുപരി വികസന കാഴ്ചപ്പാടോടെ ഉള്ള യാതൊരു പ്രവൃത്തിയും ഭരണസമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കോൺഗ്രസ് അംഗങ്ങളുടെ ഗ്രൂപ്പിലടിയിലും തമ്മിലടിയിലും മാത്രമാണ് ശ്രദ്ധ എന്ന് പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞ 3 വർഷമായി ഭരണസമിതിയിലെ ഒരു മെമ്പർ വിദേശത്താണ്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് കൂടെ നിൽക്കാതെ വിദേശത്ത് ജോലി ചെയ്യാനാണെങ്കിൽ പിന്നെ എന്തിനാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. പഞ്ചായത്തിൽ അടിസ്ഥാനപരമായി നടത്താവുന്ന ഒന്നും തന്നെ ചെയ്തിട്ടില്ല. 15 വർഷമായിട്ടുള്ള പഞ്ചായത്തിന്റെ ആവശ്യമാണ് പൊതു ശ്‌മശാനം. അതിന്റെ നിർമ്മാണം 5 വർഷം മുൻപ് എങ്ങനെയോ അങ്ങനെ തന്നെയാണ് ഇപ്പോഴും.
കർഷകരും കാർഷിക ഉത്പന്നങ്ങളും ധാരാളം ഉള്ള പഞ്ചായത്താണ് കറുകുറ്റി. കാർഷിക മാർക്കറ്റ് നിർമ്മിക്കുന്നതിന് വേണ്ടി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇട്ട തറക്കല്ല് ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട്. മാലിന്യ സംസ്കരണ രംഗത്തും വൻപരാജയമാണ് ഭരണസമിതി. സ്ഥലവും ഫണ്ടും ഉണ്ടായിട്ടും എം. സി.എഫ് സ്ഥാപിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഓഡിറ്റ് റിപ്പോർട്ടിൽ മുപ്പത്തൊമ്പതോളം ക്രമക്കേടുകൾ സൂചിപ്പിച്ചിട്ടുണ്ട്. എം.പി ഒരു ഗ്രാമത്തെ ദത്തെടുക്കുന്ന ‘സാഗി ആദർശ് ഗ്രാമം’ പദ്ധതിയുടെ പരസ്യത്തിന് വേണ്ടി ചിലവഴിച്ച പണം കൊണ്ട് ഒരു റോഡ് നിർമ്മിക്കമായിരുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
പഞ്ചായത്തിന് ഗുണകരമാകുന്ന ഏഴാറ്റുമുഖം ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു രൂപയുടെ ചിലവ് പോലും ചെയ്തിട്ടില്ല. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ പറയുന്ന യാതൊരാവശ്യങ്ങളും മുഖവിലക്കെടുക്കാൻ ഭരണസമിതി തയ്യാറല്ല.
വരുന്ന തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചിരിക്കുന്ന പ്രതിപക്ഷം കാർഷിക മാർക്കറ്റ് നിർമ്മാണ പൂർത്തീകരണം, എം.സി.എഫ് നിർമ്മാണം, കളിസ്ഥലം, ഏഴാറ്റുമുഖം ടൂറിസം പ്ലാൻ ഇവയെല്ലാം പൂർത്തിയാക്കും എന്നതാണ് ജനങ്ങൾക്ക് നൽകുന്ന ഉറപ്പ്.

