കാലടി : നവംബർ 5 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നിരിക്കെ സ്ഥാനാർഥി നിർണയം ധ്രുതഗതിയിലാക്കി കാലടി പഞ്ചായത്തിലെ മുന്നണികൾ. സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിലാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സ്ഥാനാർത്ഥി നിർണ്ണയം, സംവരണ റൊട്ടേഷൻ എന്നീ അടിസ്ഥാന വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയാത്തത് തദ്ദേശഭരണ പോരാട്ടങ്ങൾക്ക് കടുത്ത വെല്ലുവിളിയുയർത്തുന്നു. സംവരണ സീറ്റുകളിൽ സ്ഥാനാർത്ഥികളുടെ ലഭ്യത കുറവും പാർട്ടി നേതൃത്വങ്ങൾക്ക് തലവേദനയാവുകയാണ്. പാർട്ടികളിൽ ഒരു വിഭാഗം തലമുറ മാറ്റം ആവശ്യപ്പെടുമ്പോൾ മുതിർന്ന നേതാക്കന്മാർ അതിനെ എതിർക്കുന്നത് പാർട്ടികളിൽ തന്നെ ചേരി തിരിവിന് കാരണമാകുന്നുണ്ട്. സ്വന്തം പാർട്ടിയിൽ തന്നെ ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങൾ എതിർ പാർട്ടികൾ തങ്ങളുടെ പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. വാട്സ് ആപ് ഉൾപ്പെടെയുളള സമൂഹമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ തമ്മിലും പാർട്ടിക്കകത്തുളളവർ തമ്മിലും യുദ്ധം മുറുകുന്നത് പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കേന്ദ്രസംസ്ഥാന ഗ്രാന്റുകൾ, എംപി, എംഎൽഎ ഫണ്ടുകൾ ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ഗ്രാമപഞ്ചായത്തിന്റെ തനത്ഫണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ എന്നിവ സംയോജിപ്പിച്ച് നിരവധി വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ കഴിഞ്ഞ 5 വർഷമായി നടപ്പിലാക്കിയത് എന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോൾ, കഴിഞ്ഞ ഭരണസമിതിയുടെ കോട്ടങ്ങൾ എടുത്തു കാട്ടി പ്രചരണത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം.

