കാലടി: കാലടി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് പട്ടിക ജാതി ക്ഷേമ സംഘടനയുടെയും സിപിഎം കാലടി ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ഹരിതകർമ സേനാംഗങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, പഞ്ചായത്ത് ഡ്രൈവർ ഷാജൻ ഇട്ടൻ എന്നിവർക്കെതിരേ നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സിപിഎം അങ്കമാലി ഏരിയ സെക്രട്ടറി കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി ക്ഷേമ സമിതി കാലടി പഞ്ചായത്ത് സെക്രട്ടറി എം.ടി. പുഷ്കരൻ അധ്യക്ഷനായി. പികെഎസ് അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ. ശിവൻ, എം.ടി. വർഗീസ്, കെ.ടി. ബേബി, സിജോ ചൊവ്വരാൻ, പഞ്ചായത്തംഗങ്ങളായ പി.കെ. കുഞ്ഞപ്പൻ, സി.വി. സജേഷ്, സരിതാ ബൈജു, സ്മിതാ ബിജു, എം.കെ. വിജയൻ എന്നിവർ സംസാരിച്ചു.

