അങ്കമാലി: അങ്കമാലി- കുണ്ടന്നൂർ ദേശീയപാത ബൈപ്പാസ് നിർമാണത്തിനായി പുനർവിജ്ഞാപനം ( 3 എ നോട്ടിഫിക്കേഷൻ) ഉടൻ പുറപ്പെടുവിക്കും. പുനർവിജ്ഞാപനത്തിനു മുന്നോടിയായി ട്രാഫിക് സർവേ അടിയന്തരമായി പൂർത്തീകരിക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം ദേശീയപാത അധികൃതർക്ക് നിർദേശം നൽകി.
ഏഴു ദിവസം നീണ്ടുനിൽക്കുന്ന ട്രാഫിക് സർവേ നടപടികൾ പൂർത്തീകരിക്കുന്നതോടെ 3 എ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. 3 ഡി നോട്ടിഫിക്കേഷൻ കാലപരിധിക്കകം പുറപ്പെടുവിക്കാൻ സാധിക്കാത്തതിനാൽ 2024 ൽ പുറപ്പെടുവിച്ച 3 എ വിജ്ഞാപനം റദ്ദായിരുന്നു. 3 എ നോട്ടിഫിക്കേഷൻ പുനപ്രസിദ്ധീക്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയ്ക്കും ദേശീയ പാത അഥോറിറ്റി ചെയർമാനും കത്ത് നൽകിയിരുന്നു.
അഞ്ചു വർഷങ്ങൾക്കു മുമ്പ് നടത്തിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലാണ് ആറുവരിപാത നിർമാണത്തിന് പ്രാഥമിക നടപടികൾ ആരംഭിച്ചത്. ഈ സർവേ റിപ്പോർട്ട് കാലഹരണപ്പെട്ടതിനാലാണ് പുതിയ സർവേ വേണ്ടിവരുന്നത്. പുതിയ സർവേയുടെ അടിസ്ഥാനത്തിലായിരിക്കും ദേശീയപാതയുടെ ലൈനുകളുടെ എണ്ണം നിശ്ചയിക്കുക.

