കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനം.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അതുൽ പ്രേം ഉണ്ണി, അസി: സബ് ഇൻസ്പെക്ടർ കെ.എസ് ഷിനു, സീനിയർ സി പി ഒ രഞ്ജിത് രാജൻ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി അനുമോദന പത്രം നൽകി ആദരിച്ചത്.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുഞ്ചേരി ഭാഗത്ത് കിണറ്റിൽ വീണ നാലു വയസ്സുകാരനായ ആൺകുട്ടിയെ മൂവാറ്റുപുഴ എസ് ഐ യും പാർട്ടിയും നാട്ടുകാരും ചേർന്ന് അത്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. പുഞ്ചേരി ഭാഗത്ത് പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയപ്പോൾ വീട്ടുകാരുടെ നിലവിളി കേട്ട് ജീപ്പ് നിർത്തി മൂവാറ്റുപുഴ എസ് ഐ അതുൽ പ്രേം ഉണ്ണി ഉടൻ തന്നെ സ്വന്തം ജീവൻ വില കൽപ്പിക്കാതെ കിണറ്റിലേക്ക് ഇറങ്ങുകയും മുങ്ങിത്താഴ്ന്ന കുട്ടിയെ കിണറിന്റെ അടിയിൽനിന്ന് കോരിയെടുക്കുകയും ചെയ്തു.എസ്ഐക്കൊപ്പം ഉണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് രാജനും ഉടൻ കിണറ്റിൽ ഇറങ്ങി കുട്ടിയെ എസ് ഐ ക്കൊപ്പം ചേർന്ന് കിണറ്റിനുള്ളിൽ വച്ചുതന്നെ രക്ഷാപ്രവർത്തനം നടത്തി രക്ഷപ്പെടുത്തുകയായിരുന്നു.ഒപ്പമുണ്ടായിരുന്നു എ എസ് ഐ കെ.എസ് ഷിനു നാട്ടുകാരെ വിളിച്ചു ചേർത്ത് കയറും ഗോവണിയും ഇറക്കി നൽകി ഉടൻതന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പൂഞ്ചേരി ഭാഗത്തുള്ള താന്നിച്ചുവട്ടിൽ വീട്ടിൽ ഷിഹാബിൻ്റെ മകനാന്ന് അവസരോചിതമായ പ്രവർത്തനം മൂലം പുതു ജീവൻ ലഭിച്ചത്.

