മഹല്ല് സംഗമം തിങ്കളാഴ്ച (26-ന്)
പെരുമ്പാവൂര്‍: ജമാ അത്ത് കൗണ്‍സില്‍ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹല്ല് സംഗമം തിങ്കളാഴ്ച മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ (ആലി മുസ്ലിയാര്‍ നഗറില്‍) നടക്കുമെന്ന് മഹല്ല് ജമാ അത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം.എം. നാദിര്‍ഷ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 5.30 ന് മെഗാ ദഫ് പരിപാടിയോടെ സമ്മേളനം ആരംഭിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സംഗമം ഉദ്ഘാടനം ചെയ്യും. മികച്ച പ്രവര്‍ത്തനം നടത്തുന്ന മഹല്ലുകള്‍ക്കുള്ള പ്രഥമ ടിപ്പുസുല്‍ത്താന്‍ അവാര്‍ഡുകള്‍ ബെന്നി ബഹനാന്‍ എം.പി. വിതരണം ചെയ്യും. മഹല്ല് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഉബൈസ് സൈനുലബ്ദ്ദീന്‍ ഉസ്താദുമാരെ ആദരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.എ. കരിം ആമുഖ പ്രഭാഷണം നടത്തും. എം.എല്‍.എ.മാരായ എല്‍ദോസ് കുന്നപ്പിള്ളി, പി.വി. ശ്രീനിജന്‍, അന്‍വര്‍ സാദത്ത്, ആന്റണി ജോണ്‍ എന്നിവര്‍ പങ്കെടുക്കും. ജനപ്രതിനിധികളായ മഹല്ല് ഭാരവാഹികളെ ആദരിക്കല്‍, നിര്‍ധന രോഗികളായ ഉദ്താദ്മാര്‍, മുഅദ്ദിന്‍ എന്നിവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം, മദ്രസ്സാ മാനേജ്മെന്റിനേയും, അദ്ധ്യാപകരേയും ആദരിക്കല്‍ എന്നിവ ഉണ്ടാകും. സമ്മേളനത്തില്‍ പണ്ഡിതന്മാരായ പൊന്നുരുന്തി ഉസ്താദ് കെ. കുഞ്ഞ് മുഹമ്മദ് മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണവും, വി.പി.എ. ഫരീദുദ്ദീന്‍ മുസ്ലിയാര്‍ വെളളാഞ്ഞി, കാട്ടാമ്പിള്ളി മുഹമ്മദ് ബാഖവി, ഇസ്മായില്‍ ഫൈസി വണ്ണപ്പുറം, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പേഴക്കാപ്പിള്ളി തുടങ്ങിയവര്‍ സംസാരിക്കും. സംഘടനാ നേതാക്കള്‍, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, മഹല്ല് ഭാരവാഹികള്‍, സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. ഇബ്രാഹിം, സ്വാഗതസഘം ചെയര്‍മാന്‍ എം.എം. നാസര്‍, ജനറല്‍ കണ്‍വീനര്‍ ഇ.എസ്. അബ്ദുല്‍ സത്താര്‍ എന്നിവര്‍ പങ്കെടുത്തു.

