മഞ്ഞപ്ര : വിജയമുറപ്പിച്ച് പോരത്തിനൊരുങ്ങുകയാണ് മഞ്ഞപ്രയിലെ മുന്നണികൾ. സ്ഥാനാർഥി നിർണ്ണയം പൂർണമാകാത്തതിനാൽ പരസ്യമായ പ്രചരണം ആരംഭിച്ചില്ലെങ്കിലും ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ തിരഞ്ഞെടുപ്പ് ചൂടിൽ തന്നെയാണ്. ചില ചെറുപാർട്ടികളും നവപാർട്ടികളും നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചെയ്യുന്ന പല വികസനപ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നീക്കി വച്ചിരിക്കുന്ന വിഷയങ്ങളുമെല്ലാം ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പേ പുറം ലോകം അറിയുന്നത് പ്രചാരങ്ങൾക്ക് ചൂട് കൂട്ടുകയാണ്. സ്ഥാനാർത്ഥി ധാരണകളും മറ്റും പൂർത്തിയാക്കാൻ കഴിയാതെ പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ കുഴങ്ങുകയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഈ ആശയക്കുഴപ്പം തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ ബാധിക്കുമോ എന്ന ആശങ്കയിലാണ് മുന്നണികൾ.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിൽ പറഞ്ഞ അറുപത്തിയഞ്ചു കാര്യങ്ങളിൽ അറുപതോളം കാര്യങ്ങൾ പൂർത്തിയാക്കി എന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോൾ എതിർവാദങ്ങളുമായി പ്രതിപക്ഷവും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായുണ്ട്.

