4.5 C
New York
Saturday, March 7, 2026

Buy now

spot_img

ജനങ്ങളെ വലച്ച് ഗതാഗതക്കുരുക്ക്; ബുധനാഴ്ച മുതൽ കാലടി പാലം വഴി സ്വകാര്യ ബസുകൾ ഓടില്ല

കാലടി: ഒരാഴ്ചയായി തുടരുന്ന ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് നാളെ മുതൽ കാലടി ശ്രീശങ്കര പാലം വഴിയുള്ള സർവീസുകൾ സ്വകാര്യ ബസുകൾ ബഹിഷ്കരിക്കും. പാലത്തിലെ കുഴികൾ കാരണമാണു വൻ ഗതാഗതക്കുരുക്കിനു കാരണമാകുന്നത്. മണ്ഡലകാലം ആയതോടെ അനേകം ശബരിമല തീർഥാടകരാണു കാലടി വഴി പോകുന്നത്. തീർഥാടകരുടെ വാഹനങ്ങൾ കുരുക്കിൽ കുടുങ്ങിക്കിടക്കുന്നു. കാലടി ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമാണ്. എന്നാൽ കുരുക്കിൽപെട്ടു വലയുന്ന തീർഥാടകർ ഇപ്പോൾ കാല‌ടിയിൽ ഇറങ്ങാൻ കഴിയാതെ നേരെ പോവുകയാണ്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ മലയാറ്റൂർ വഴി കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണു പോകുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർ ഈ വഴി നിശ്ചയമില്ലാതെ കുരുക്കിൽപെട്ടു വലയുന്നു.

രാത്രിയിലും കുരുക്ക് ഒഴിയുന്നില്ല. എംസി റോഡിൽ വാഹനങ്ങളുടെ നിര പലപ്പോഴും കിലോമീറ്ററുകളോളം നീളുന്നു. എല്ലാ വർഷവും മണ്ഡലക്കാലത്തിനു മുൻപ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ യോഗം ചേർന്നു ഗതാഗതക്കുരുക്കു നിയന്ത്രിക്കാനുള്ള സംവിധാനം ഏർപ്പെടുത്താറുണ്ട്. എന്നാൽ ഇത്തവണ പഞ്ചായത്തു തിരഞ്ഞെടുപ്പു പ്രചാരണ കാലമായതിനാൽ യോഗവും മുൻകരുതലും ഉണ്ടായില്ല. പാലത്തിലെ കുഴികൾ അടച്ചു സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ നാളെ മുതൽ പാലത്തിന്റെ ഇരുകരകളിലും ട്രിപ്പുകൾ അവസാനിപ്പിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി– കാലടി മേഖല പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ പറഞ്ഞു.

ടോറസ്, ‌‌ട്രെയ്‌ലർ, കണ്ടെയ്നർ, മൾട്ടി ആക്സിൽ ഉൾപ്പെടെയുള്ള വലിയ ചരക്കു വാഹനങ്ങൾ അങ്കമാലിയിൽനിന്നും പെരുമ്പാവൂരിൽനിന്നും ആലുവ വഴിതിരിച്ചുവിടുകയും യുദ്ധകാലാടിസ്ഥാനത്തിൽ പാലത്തിൽ ടാറിങ് ന‌ടത്തുകയും ചെയ്താലല്ലാതെ ഗതാഗതക്കുരുക്കു പരിഹരിക്കാനാവില്ല. എൺപതോളം സ്വകാര്യ ബസുകളാണു കാലടി പാലത്തിലൂടെ 5 മിനിറ്റ് ഇടവേളയില്ലാതെ സർവീസ് നടത്തുന്നത്. ഗതാഗതക്കുരുക്കിൽ പെടുമ്പോൾ തുടർച്ചയായി ട്രിപ്പുകൾ ഒഴിവാക്കേണ്ടിവരുന്നതും സമയനിഷ്ഠ പാലിക്കാൻ കഴിയാത്തതും മൂലം വലിയ പ്രതിസന്ധിയാണു സ്വകാര്യ ബസുകൾ നേരിടുന്നത്. ഗതാഗതക്കുരുക്കിൽപെട്ടുണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാൻ അമിത വേഗത്തിൽ വാഹനം ഓ‌ടിക്കേണ്ടി വരുന്നതു മൂലം ജീവനക്കാർ വലിയ മാനസിക സമ്മർദത്തിലാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles