കൊച്ചി: സൂര്യനെ ഉള്ളിലൊതുക്കിയ ചുവപ്പുമലയിൽ നിർമ്മിച്ച, ആചാരങ്ങളുടേയും വിശ്വാസങ്ങളുടെയുമൊക്കെ കഥകളുറങ്ങുന്ന, ചുട്ടുപഴുത്ത രാജസ്ഥാൻ മരുഭൂമിയിലെ ജോധ്പൂർ മെഹ്റാൻഗഢ് കോട്ടയുടെ അകത്തളത്തിൽ, കുത്തതായും പൈജാമയും തലയിലൊരു ടർബനും അണിഞ്ഞ് മലയാളനാടിന്റെ സ്വന്തം ഹരിവരാസനം ഉറക്കുപാട്ട് പാടുകയാണ് പേരറിയാത്ത ഒരു ഉത്തരേന്ത്യൻ നാടോടി ഗായകൻ. കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികളോടുകൂടിയ കോട്ടയ്ക്കുള്ളിലെ പ്രധാന കൊട്ടാരക്കെട്ടുകൾ കാണാനെത്തിയ മലയാളിസന്ദർശകർക്കു വേണ്ടി നാടോടി ഗായകൻ രാജസ്ഥാനി നാടോടി സംഗീതശൈലിയിൽ പാടിയ ശബരിമല അയ്യപ്പൻറെ ഹരിവരാസനഗീതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്ഷേത്രാചാരച്ചടങ്ങുകളിൽ ഉപയോഗിച്ചുവരുന്ന വലുതും ചെറുതുമായ ‘നഗാര. എന്ന പെരുമ്പറ കൊട്ടിക്കൊണ്ടായിരുന്നു ഗായകന്റെ ‘രാജസ്ഥാനി ഹരിവരാസനാലാപനം’. ശബരിമല ശ്രീധർമ്മശാസ്താവിന്റെ ഉറക്കുപാട്ടായി ലോകമെങ്ങും അറിയപ്പെടുന്ന ഹരിഹരാത്മജ അഷ്ടകത്തിന്റെ രചനനിർവ്വഹിച്ചത് 1950-കളിൽ രാമനാഥപുരം കമ്പക്കുടി കുളത്തൂർ ശ്രീനിവാസ അയ്യരാണെന്നും അതല്ല, 1923-ൽ മലയാളിയായ കോന്നകത്ത് ജാനകിയമ്മയാണ് ഇതെഴുതിയതെന്നും രണ്ടു വാദഗതികൾ നിലവിലുണ്ട്. ദേവസ്വം ബോർഡിന്റെ കൈവശം വ്യക്തമായ രേഖകളൊന്നും ലഭ്യമല്ല. അതിനാൽ ഔദ്യോഗികമായി അജ്ഞാതനായാണ് ഇപ്പോഴും കണക്കാക്കപ്പെടുന്നത്. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനഗീതത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ് പാദങ്ങളാണ് ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ് ശബരിമല അയ്യപ്പനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന് പാടാറുള്ളത്. ഹരിവരാസനത്തിനു ശേഷം ശബരിമലയിൽ ശരണം വിളിക്കരുത് എന്നൊരു വിശ്വാസവും നിലനിന്നു പോരുന്നു. ജി. ദേവരാജൻ മാസ്റ്റർ ഈണമിട്ട് കെ.ജെ. യേശുദാസ് പാടിയ ഗാനം ‘സ്വാമി അയ്യപ്പൻ’ സിനിമയിലൂടെ പിൽക്കാലത്ത് ജനകീയമായിത്തീരുകയും ചെയ്തു. ആൽഫാ ഫ്ലൂട്ട്സ് എന്ന ഫെയ്‌സ് ബുക്ക് പേജിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും
ഇന്നലെ റിലീസ് ചെയ്ത രാജസ്ഥാനി കലാകാരന്റെ ഹരിവരാസനം ആലാപനം 6 ലക്ഷം പേരാണ് ഇതിനോടകം കണ്ടത്. കളങ്കമില്ലാത്ത കണ്ഠത്തിൽ നിന്നുതിരുന്നതെല്ലാം കർണ്ണങ്ങൾക്കു വശ്യം എന്നാണ് ഒരാരാധകൻ ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഉത്തരേന്ത്യൻ നാടോടി സംഗീതത്തിലെ തനത് ഈണങ്ങളിലൂടെ മനോഹരവും അർത്ഥവത്തായതും സമൂഹത്തിന്റെ സംസ്കാരത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതുമായ സംഗീതം സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ച അജ്ഞാതനായ ആ ഉത്തരേന്ത്യൻ നാടോടി ഗായകനാരെന്നറിയാനുള്ള ആഗ്രഹത്തിലാണ് ആസ്വാദകർ.

